മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക മഹോത്സവമായ ചെങ്ങന്നൂര്‍ ഫെസ്റ്റിന് തുടക്കമാവുന്നു.ഉച്ച കഴിഞ്ഞ് മൂന്നിന് പുത്തന്‍വീട്ടില്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരിക്കും പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.വിവിധ ഇനം ഫ്‌ലോട്ടുകള്‍, കുതിര, ഒട്ടകം, പുഷ്പാലംകൃത വാഹനം, കളരിപ്പയറ്റ്, കുങ്ഫു, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയവ അണിനിരക്കും. തുടര്‍ന്ന് എം.സി റോഡിലൂടെ നഗരം ചുറ്റി നീങ്ങുന്ന സാംസ്‌കാരിക ഘോഷയാത്ര ഫെസ്റ്റ് നഗറായ ബിസിനസ്സ് ഇന്‍ഡ്യാ ഗ്രൗണ്ടില്‍ സമാപിക്കും.തുടന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.എം തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ ഒട്ടേറെ കലാ സാംസ്‌കാരിക, സാമൂഹിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.ചെങ്ങന്നൂര്‍ ഫെസ്റ്റില്‍ ഇക്കുറി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.ഊട്ടി മാതൃകയില്‍ സജ്ജമാക്കിയിരിക്കുന്ന ഫഌര്‍ഷോ (10,000 ചതുരശ്രയടി) ഏറ്റവും ആകര്‍ഷകകേന്ദ്രമായിരിക്കും.കൂടാതെ അക്വാപെറ്റ് ഷോ, ജീവന്‍ തുളുമ്പുന്ന രൂപങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ട് തുടങ്ങിയവയും ദിവസേന വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന വിവിധ ഇനം കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.ഗവര്‍ണ്ണര്‍, എം.പി, മന്ത്രിമാര്‍, എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആതിഥേയരായി പങ്കെടുക്കും. ഫെബ്രുവരി നാലിന് ഫെസ്റ്റ് സമാപിക്കും.