ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ നാളെ നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നാളെ രാവിലെ 11 മണിക്കാണ് സൈറണിന്റെ ട്രയല്‍ റണ്‍ നടത്തുക. സൈറണിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനുള്ള പ്രവര്‍ത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെയും കല്ലാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ജലം പല പ്രാവശ്യമായി തുറന്നു വിടുമെന്ന് കളക്ടര്‍ അറിയിച്ചു.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ജലം തുറന്നു വിടുന്നതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും.
കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.