ഭൂപ്രകൃതിക്കനുസരിച്ചാണോ നിര്‍മാണം നടന്നതെന്ന് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മലപ്പുറം കൂരിയാട് ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണതടക്കം കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മാണത്തിലിരുന്ന പാതയില്‍ മൂന്നിടങ്ങളില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.’ദേശീയപാത നിര്‍മാണം നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും. ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടി സ്വാഭാവികമായും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും’ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങളെടുത്താല്‍ സഹായകരമായ നിലപാടല്ല പ്രതിപക്ഷം സ്വീകരിച്ചിരുന്നതെന്നും, ഒറ്റെക്കട്ടായി പ്രതിഷേധം ഉയര്‍ത്തേണ്ട സമയത്ത് അവര്‍ അതിന് തയ്യാറായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരത്ത് ദളിത് യുവതിയെ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മറ്റു നപടികളിലൊന്നും പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘സാധാരണ നിലക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതില്‍ നടപടി എടുത്തിട്ടുണ്ട്. സംഭവത്തില്‍ അവര്‍ ഓഫീസിലെത്തി പരാതി പറഞ്ഞിരുന്നു.അക്കാര്യത്തില്‍ പരിശോധനയ്ക്കുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ. നടപടിയും എടുത്തു. അവര്‍ക്കുണ്ടായിരുന്ന മറ്റൊരു ആവശ്യം കേസില്‍ ഇടപെടണമെന്നായിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപെടാന്‍ പറ്റില്ല. അത് പോലീസ് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അത് അവരോട് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്’ മുഖ്യമന്ത്രി മറുപടി നല്‍കി.ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ തത്കാലം ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സമരത്തോട് അസഹിഷ്ണുതയില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇ ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവം ഗൗരവകരമാണ്. ഇതില്‍ പ്രധാനമന്ത്രി ഇടപെടണം.വിശദമായ അന്വേഷണം വേണം. കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന സംഭവമാണിത്. ഇ ഡിക്കെതിരെ പലതരത്തില്‍ പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.