യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാർത്ഥനകളും, വികുർബ്ബാന അപ്പം സ്വീകരിക്കലും, കാല്‍ കഴുകൽ ശുശ്രൂഷയും നടക്കുകയാണ്.സഭാ അധ്യക്ഷന്മാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാല്‍ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം.വൈകുന്നേരത്തോടെ വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
വാഴൂർ സെൻ്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ പെസഹാ പെരുന്നാളിന് കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 2 ന് കാൽകഴുകൽ ശുശ്രൂഷയും നടക്കും. ‘കോട്ടയം അതിരൂപതാ മെത്രാ പ്പൊലീത്താ മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലും, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ കോട്ടയം വിമലഗിരി കത്തീഡ്രലിലും, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്താ മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും കാർമികരാവും.തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും.