ആലപ്പുഴ മുഹമ്മയിൽ വിവാഹ ചടങ്ങിനിടെ സംഘർഷം ഉണ്ടാക്കുകയും രണ്ടുപേരെ മർദ്ദിക്കുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളി പാരിഷ് ഹാളിൽ നടന്ന വിവാഹ ചടങ്ങിനിടയാണ് സംഭവം. സംഘർഷം ഒഴിവാക്കാനെത്തിയ എസ് ഐയേയും കെ എസ് ആർ ടി സി കണ്ടക്ടറേയുമാണ് യുവാക്കൾ മർദ്ദിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് മീനച്ചാൽ നന്ദു അജയ്(27),മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ വലിയപുന്നക്കൽ ബിമൽ ബാബു(26), കഞ്ഞിക്കുഴി ഒൻപതാം വാർഡ് തോട്ടത്തിശേരി സൗരവ്(24), ആറാം വാർഡ് കരുവേലിതയ്യിൽ അക്ഷയ് ദേവ്(25),അഞ്ചാം വാർഡ് ജോയ് ഭവനത്തിൽ ഗോകുൽ(18) എന്നിവരെയാണ് എസ് എച്ച് ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചേർത്തല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുഹമ്മ പഞ്ചായത്ത് 13-ാം വാർഡ് വടക്കേച്ചിറ വീട്ടിൽ ബിജുമോൻ(55), കെ എസ് ആർ ടി സി കണ്ടക്ടറായ മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് മൂപ്പൻ ചിറ വീട്ടിൽ ചിദാനന്ദൻ(53) എന്നിവർക്കാണ് മർദ്ദനമേറ്റത്.
തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. വിവാഹ ഓഡിറ്റോറിയത്തിലെ പാർക്കിങ് ഏരിയയിലേക്ക് അമിത വേഗതയിൽ യുവാക്കൾ കാറോടിച്ച് വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുഹമ്മ പോലീസ് സ്ഥലത്തെത്തിയാണ് യുവാക്കളെ പിടികൂടിയത്. ഇവരുടെ കാറും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.