ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം. വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്.ഭീകരാക്രമണം നടന്നിട്ടും മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചതിന് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളെ മുഖ്യമന്ത്രി പ്രശംസിച്ചു. തുടര്‍ന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ച അദ്ദേഹം നാല് വര്‍ഷത്തെ തന്റെ രണ്ടാം ഭരണകാലത്തെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. ഒരു കൂട്ടര്‍ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കുമ്പോള്‍ ജനം പങ്കെടുക്കുകയാണ്. ദുഷ് പ്രചാരണത്തിലൂടെ സര്‍ക്കാരിനെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. എന്നാല്‍ അതിനെ ജനം നേരിടുന്നതാണ് വാര്‍ഷിക ആഘോഷത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.പിന്നീട് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം ഓരോ മലയാളിക്കുമുള്ള സമ്മാനമാണ്. പുതിയ യുഗത്തിന്റ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കമ്മീഷനിങിന് മുന്‍പ് തന്നെ വിഴിഞ്ഞം തുറമുഖം ലോകത്തെ വന്‍കിട തുറമുഖങ്ങളുടെ നിരയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.