ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി പുതിയ സ്‌കൂളിൽ പഠിക്കാം.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അഡ്വ : ഡീന്‍ കുര്യാക്കോസ് എം പി നിർവഹിച്ചു.
കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ ഈ അധ്യയന വർഷമാണ് അപ്പർ പ്രൈമറി സ്‌കൂളായി സർക്കാർ ഉയർത്തിയത്.
പുതിയ സ്‌കൂൾ കെട്ടിടത്തിൽ ഹാള്‍ ആക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച് ബോർഡ് മുറികള്‍, ഡൈനിങ് ഹാള്‍, കിച്ചണ്‍, വാഷ് ഏരിയ , കുട്ടികള്‍ക്കുള്ള പ്രത്യേക വാഷ് ഏരിയ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികൾ എന്നിവയുണ്ട്.
കൂടാതെ ഡൈനിങ് ടേബിളുകള്‍, കസേരകള്‍, ക്ലാസ് മുറികളിൽ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
4151 സ്‌ക്വയർ ഫിറ്റാണ് ആകെ വിസ്തീർണ്ണം. പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും മറികടന്ന് 66 ലക്ഷം രൂപ ചെലവിൽ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിർമ്മാണം പൂർത്തീകരിച്ചത്.
നിര്‍മ്മാണ സാമഗ്രികള്‍ സൈറ്റില്‍ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി.
ഇടമലക്കുടിയിലേക്ക് സംസ്ഥാന പട്ടിക വർഗ്ഗ വികസനവകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
ബി എസ് എൻ എൽ 4 ജി സൗകര്യം രണ്ട് മാസം മുൻപ് തന്നെ ഇടമലക്കുടിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോര്‍ജ് , കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അമ്രപാലി പ്രശാന്ത് സല്‍വെ, സബ് കലക്ടർമാരായ അരുൺ എസ് നായർ , ജയകൃഷ്ണൻ വിഎം ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.