വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നവരോട് താല്‍പര്യത്തോടെ മറുപടി നല്‍കുന്നവരാണ് നിയമത്തിന്റെ ശക്തിയെന്നും നല്‍കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരാണ് ദൗര്‍ബല്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിയറിങ്ങില്‍ 15 പരാതികളാണ് പരിഗണിച്ച് തീര്‍പ്പാക്കിയത്. അത്തോളി പഞ്ചായത്തില്‍ ഫയല്‍ കാണാതായ സംഭവത്തില്‍ 14 ദിവസത്തിനകം പരിശോധന നടത്തി കമീഷനെ അറിയിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.