കുമരകം മൂന്നാം വാർഡിലെ തകർന്നുവീണ മങ്കുഴി-പൂങ്കശ്ശേരി നടപ്പാലം നിർമ്മാണം വൈകുന്നതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് പാലം തകർന്നുവീണത്. ശോചനീയാവസ്ഥയിലായിരുന്ന പാലം ഒരുഭാഗത്തെ കൽക്കെട്ട് തകർന്ന് തോട്ടിലേക്ക് തകർന്ന് വീഴുകയായിരുന്നു. ഇതോടെ മങ്കുഴി, പൂങ്കശ്ശേരി ഭാഗത്തെക്കുള്ള നാട്ടുകാരുടെ യാത്ര ഏറെ ദുരിതത്തിലായി. തകർന്ന പാലം തത്കാലികമായി അറ്റകുറ്റപണികൾ നടത്തുവാൻ തുടങ്ങിയപ്പോൾ സമാന്തര സഞ്ചാര മാർഗ്ഗങ്ങൾ ഒരുക്കിയിലെന്നാണ് നാട്ടുകാരുടെ പരാതി. ഇരു കരകളിലേക്കും നാട്ടുകാർക്ക് സഞ്ചരിക്കുവാൻ വള്ളമോ മറ്റ് മാർഗ്ഗങ്ങളോ സജ്ജമാക്കിയില്ല എന്നാണ് ആക്ഷേപം. ഇതുമൂലം പ്രദേശവാസികൾ ജോലിക്ക് പോകുവാനും കുട്ടികൾ സ്കൂളിൽ പോകുവാനും എല്ലാം കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. പാലത്തിന്റെ അടിയിലൂടെ വള്ളങ്ങൾ പോകുവാൻ ഇപ്പോൾ തടസ്സം നേരിടുന്നുണ്ട്. തകർന്ന പാലം ഉടൻ പുനർനിർമ്മിക്കണമെന്നും പാലം പണി തീരുന്നതുവരെ കടത്ത് സംവിധാനം ഏർപ്പെടുത്തണം എന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൂടാതെ നടപ്പാലത്തിന് പുറമെ തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ വാഹനഗതാഗതയോഗ്യമായ പാലം നിർമ്മിക്കുന്നത് പരിഗണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.അതേ സമയം തകർന്ന പൂങ്കശ്ശേരി നടപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മൂന്നാം വാർഡ് മെമ്പർ രശ്മികല പറഞ്ഞു. ഇതിനായി പഞ്ചായത്ത് അടിയന്തിര ഫണ്ട് വകയിരുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും, ഈ വിഷയം സ്ഥലം എം.എൽ.എ യും ദേവസ്വം,സഹകരണ,തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ശ്രദ്ധയിൽപെടുത്തിയെന്നും അവർ പറഞ്ഞു.