ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്ര ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രചാരണ പരസ്യങ്ങളില്‍ അമ്പലം, പള്ളി, മോസ്‌ക്, ഗുരുദ്വാര തുടങ്ങിയ ആരാധനാലയങ്ങള്‍, മതഗ്രന്ഥങ്ങള്‍, മതചിഹ്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ അറിയിച്ചു.
ഇത് തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിലവില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയ നാല് കേസുകളില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
മാതൃക പെരുമാറ്റച്ചട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സൈനികരുടെ ചിത്രം, സൈനികര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രം, മറ്റ് പാര്‍ട്ടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരായ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍, സ്ഥാനാര്‍ഥിയുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത അവരുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കല്‍, മറ്റ് രാജ്യങ്ങള്‍ക്ക് എതിരെയുള്ള വിമര്‍ശനം, മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ നേരെയുള്ള വിമര്‍ശനം, അശ്ലീലമോ അപകീര്‍ത്തികരമോ ആയ പരാമര്‍ശം, അക്രമത്തിനുള്ള പ്രേരണ നല്‍കല്‍, കോടതിയലക്ഷ്യം, രാഷ്ട്രപതി, നീതിന്യായ വ്യവസ്ഥ എന്നിവയുടെ വിശ്വാസ്യതയെ ചോദ്യചെയ്യുക, രാഷ്ട്രത്തിന്റെ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവയെ ബാധിക്കുന്ന വിമര്‍ശനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു.
സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.