40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹം. പിറവം പാറക്കുന്ന് ക്ഷേത്രത്തിന് സമീപം ഇലഞ്ഞിക്കാവിൽ വീട്ടിലെ രമേശൻ (64) ആണ് കുരുമുളക് പറിക്കുന്നതിനിടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണത്.സമീപത്ത് അനുജൻ്റെ കുട്ടിയുമായി സംസാരിച്ച് നിൽക്കവേ ശബ്ദം കേട്ട് വന്ന ഭാര്യ പത്മ മാണ് (56) കയറിൽ പിടിച്ച് ഊർന്ന് അതിസാഹസികമായി കിണറ്റിലേക്ക് ഇറങ്ങി ഭർത്താവിനെ രക്ഷിച്ചത്. ഇറങ്ങുമ്പോൾ കയർ പൊട്ടി പത്മവും കിണറ്റിൽ വീണിരുന്നു.എങ്കിലും, തല ചുറ്റലുണ്ടായതോടെ ക്ഷീണിതനായ രമേശനെ 5 അടിയോളം വെള്ളമുള്ള കിണറ്റിൽ താങ്ങി നിർത്തി, അഗ്നിരക്ഷാ സേന എത്തും വരെ കാത്തു നിന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.15 ടെയാണ് അപകടം നടന്നത്.കിണറിനു സമീപം നിന്നിരുന്ന കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞാണ് രമേശൻ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് രമേശൻ.ഇവർ മൂവാറ്റുപുഴയിലാണ് താമസിക്കുന്നത്. കൃഷി ആവശ്യത്തിനായി ഒരു പുരയിടം ഇവർ പിറവത്ത് വാങ്ങിയിരുന്നു. ഈ പുരയിടത്തിൽ, കിണറിന് സമീപത്തുനിന്ന കുരുമുളക് പറിക്കുന്നതിനിടെയാണ് കാൽവഴുതി വീണത്.സ്ഥലത്തുണ്ടായിരുന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചത്.ഇരുവരും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഏതായാലും കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി അതിസാഹസീകമായി രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹമാണ്.