അംബേദ്കറിനെ അപമാനിച്ചു എന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു.രണ്ടു തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.