സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.
സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കെ.സുധാകരന്റെ മറുപടി.
കോണ്‍ഗ്രസിനകത്ത് എത്രയോ പേർ പാർട്ടി വിട്ട് പോവാറുണ്ട്. അതൊന്നും ഈ മലപോലുള്ള പാർട്ടിയെ ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിന് എന്തുകൊണ്ടാണ് സി.പി.എം പാർട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാത്തതെന്നും സുധാകരൻ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ.പി.സി.സി അധ്യക്ഷന്റെ മറുപടി ഇങ്ങനെയായിരുന്നു- “ടിക്കറ്റ് കിട്ടാത്തവരെല്ലാം റെബലാകുന്നത് നോക്കി നില്‍ക്കുക എന്നല്ലാതെ, ഞങ്ങള്‍ക്ക് അതിനൊന്നും മറുപടിയില്ല. പക്ഷേ അവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായത്. അദ്ദേഹത്തിന്റെ താങ്ങും തണലും കൊണ്ടാണ് പാലക്കാട് ജയിച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ..?”- സുധാകരൻ ചോദിച്ചു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യത്വ രഹിതമായ സംഭവമാണെന്ന് സുധാകരൻ പറഞ്ഞു. ഇത്രയെല്ലാം സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനുള്ള മനസ് മുഖ്യമന്ത്രികാണിച്ചില്ലെന്നും അതിനുള്ള മനുഷ്യത്വം മുഖ്യമന്ത്രിക്ക് വേണമെന്നും സുധാകരൻ വിമർശിച്ചു.
നവീൻ ബാബുവുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.