ബി.ജെ.പി സ്ഥാനാർഥിപട്ടികയില്‍ നിന്ന് വെട്ടിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്.
മഹത്തായ ഈ പാർട്ടിയില്‍ ചേരാൻ വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘വരുണ്‍ഗാന്ധി കോണ്‍ഗ്രസില്‍ ചേരണം.
വരുണ്‍ വരുന്നത് സന്തോഷമുള്ള കാര്യമാണ്.
വരുണ്‍ നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനാണ്.
അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്.
ബി.ജെ.പി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കാത്തതിന് കാരണം ഇതാണ്’ അധിർ ചൗധരി പറഞ്ഞു.
ഉത്തർപ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള സിറ്റിംഗ് എം.പി വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയാണ് കഴിഞ്ഞദിവസം ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
കർഷക സമരത്തിനിടയില്‍ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങള നിരന്തരം വിമർശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുണ്‍ ഗാന്ധിയെ ഇത്തവണ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു.