പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്.ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റിൽ എതിർക്കുന്നവരാണ് വിഡി സതീശൻ്റെ പാർട്ടിക്കാർ.കോൺഗ്രസിൻ്റെ നിലപാട് പ്രതിലോമകരവും നിരാശജനകവുമാണെന്ന മുനമ്പം സമരസമിതിയുടെ നിലപാട് വിഡി സതീശൻ്റെ മുഖത്തേറ്റ പ്രഹരമാണ്. കോൺഗ്രസിൽ ഞങ്ങൾക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാർ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കൽ നാടകം പൊളിഞ്ഞിരിക്കുകയാണ്.