മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി കുറ്റിശ്ശേരിയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇന്ന് രാവിലെ മാവേലിക്കര നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസ് അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
കോൺഗ്രസ് ഒൻപത്, ബിജെപി 9, എൽഡിഎഫ് 9, ഇടത് വിമതനായി വിജയിച്ച് നാലര വർഷം കോൺഗ്രസ് പിന്തുണയുടെ ചെയർമാൻ സ്ഥാനത്ത് ഇരുന്ന സ്വതന്ത്രൻ ശ്രീകുമാർ ഉൾപ്പെടെ 28 അംഗ നഗരസഭയിൽ 10 പേരുടെ പിന്തുണയോടെയാണ് നൈനാൻസി കുട്ടിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.ബിനു വർഗീസ് കളം മാറ്റി ചവിട്ടിയതോടെ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു.പിന്നീട് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഒൻപത് വോട്ടുകളും യുഡിഎഫിന് 10 വോട്ടുകൾ ആണ് ലഭിച്ചത്.ഇതോടെ ചെയർമാൻ സ്ഥാനാർത്ഥിയായ സി കുറ്റിശ്ശേരി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
യുഡിഎഫ് പിന്തുണയോടെ അധികാരത്തിൽ വന്ന സ്വതന്ത്രൻ ശ്രീകുമാർ, മുൻധാരണ പ്രകാരമുള്ള കാലയളവിൽ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയാതിരുന്നതാണ് കോൺഗ്രസ് ഇയാളെ അവിശ്വാസത്തിലൂടെ പുറത്താക്കുവാൻ കാരണം.എന്നാൽ ഇടതു വിമതനായി വിജയിച്ച് നാലര വർഷം യുഡിഎഫ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്ത് ഇരുന്ന ശ്രീകുമാർ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.ഇടത് അംഗത്തിന്റെ കാലുവാരൽ ഉണ്ടായില്ലയിരുന്നെങ്കിൽ എൽഡിഎഫ് നഗരസഭയിൽ അധികാരത്തിൽ എത്തുമായിരുന്നു. കോൺഗ്രസിന്റെ കുത്തകയായ മാവേലിക്കര നഗരസഭയിൽ രണ്ടുതവണ മാത്രമാണ് എൽഡിഎഫ് അധികാരത്തിൽ വന്നിട്ടുള്ളത്.