നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ സാമൂഹ്യ വിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവഗിരി മഠവുമായി ചേര്‍ന്ന് മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദിയോടനുബന്ധിച്ചാണ് പ്രിയദര്‍ശിനി ഫൗണ്ടേഷന്റെ പേരിലാണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ഫെബ്രുവരി 28ന് കൊല്ലത്തെ ആശ്രാമം മൈതാനത്ത് നടക്കുന്ന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം, ക്രൈസ്തവ, നായര്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഈഴവ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഇടതുമുന്നണിയോടൊപ്പമാണ് നിലയുറപ്പിക്കുന്നത്. ഈ വോട്ടര്‍മാരെ പ്രസ്ഥാനവുമായി അടുപ്പിക്കണമെന്ന ആലോചനകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷങ്ങളുമായി മികച്ച ബന്ധം പാര്‍ട്ടിക്കുണ്ടാവണമെന്ന തീരുമാനമെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയും ഇക്കാര്യം എപ്പോഴും ഉന്നയിക്കുന്നതുമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ 24% ആണ് ഈഴവ സമുദായം. യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശാണ് ഈഴവ സമുദായംഗങ്ങളുമായുള്ള കോണ്‍ഗ്രസ് ആശയവിനിമയത്തിന് നേതൃത്വം വഹിക്കുന്നത്.

