പാലാ നഗരസഭയിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് എൽഡിഎഫ് പിന്തുണയോടെ വൈസ് ചെയർമാനായി വിജയം.നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു.യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടാണ് ലഭിച്ചത്.ബിജുവിനൊപ്പം കോൺഗ്രസ് വിമതനായി രംഗത്തുണ്ടായിരുന്ന ടോണി തൈപ്പറമ്പിൽ യു ഡി എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.നഗരസഭയിലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സെബാസ്റ്റ്യൻ.നഗരസഭയിൽ അവിശ്വാസത്തെ തുടർന്നുണ്ടായ ചെയർമാൻ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനിടെ കോൺഗ്രസ് അംഗമായി വിജയിച്ചിരുന്ന ബിജുവും, ടോണിയും വിപ്പ് ലംഘിച്ചതോടെ പാർട്ടി പുറത്താക്കിയ ഇരുവരും വിമതരായത്.ബിജുവിൻ്റെയും, 10 കേരള കോൺഗ്രസ് (M) അംഗങ്ങളുടെയും, രണ്ട് സിപിഎം അംഗങ്ങളുടെയും പിന്തുണയ്ക്കൊപ്പം നഗരസഭാ അധ്യക്ഷ മായ രാഹുലിൻ്റെയും വോട്ടാണ് ഭൂരിപക്ഷത്തിലേക്ക് എത്തിച്ചത്.വോട്ടെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ബിജു മാത്യൂസ് വൈസ് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു.

