ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണം ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് വർഷം മുൻപ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുകയും ചെയ്തു. ദീർഘകാലം പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്‌ത്രീകള്‍ ബന്ധം വഷളായ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എന് ജാദവ് എന്ന സ്‌ത്രീ നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്ബോഴല്ലെന്നും കോടതി പറഞ്ഞു. 2008ല്‍ ആരംഭിച്ച ബന്ധത്തിന്റെ പേരിലാണ് 2017ല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് പ്രതിയുടെ ഭാര്യ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ബലാത്സംഗ കേസ് വരുന്നത്. കുറ്റാരോപിതനുമായി പരാതിക്കാരി ഇത്രയും വർഷം ശാരീരികബന്ധം തുടർന്നത് വിവാഹ വാഗ്ദാനം മാത്രം വിശ്വസിച്ചാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.