കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി.
ആലുവ എടത്തല കോമ്പാറയിൽ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്.
വല്ലാർപാടത്തു നിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് ലോഡുമായി വന്ന 40 അടി നീളമുള്ള കണ്ടെയ്നർ ലോറിയാണ് എടത്തല അൽ അമീൻ കോളേജിനും കൂമ്പാറ സ്കൂളിനും സമീപത്തുള്ള വളവിന് സമീപം 10 അടി താഴ്ചയുള്ള അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്ത് ഇടിച്ചു നിന്നത്.
വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് നിന്നത്.
ഉറങ്ങുകയായിരുന്ന വീട്ടുകാർ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്.
ഗോഡൗണറിയാതെ വഴിതെറ്റിയ ലോറി വളവിന് സമീപം റിവേഴ്സ് ഗിയർ ഇട്ട് വാഹനത്തിൽ നിന്നും പുറത്തിറങ്ങി വഴി ചോദിക്കാൻ ഡ്രൈവർ ഇറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയത്.
ലോറിയുടെ മുൻ വീലുകൾ കോൺക്രീറ്റ് കട്ടയിൽ ഇടിച്ചു നിന്നത് കൊണ്ടാണ് വൻ അപകടം ഒഴിവായത്.
ക്രെയിൻ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ച് വാഹനം വലിച്ച് കയറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.