തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് വിവാദ യൂട്യൂബര്‍ റണ്‍വീര്‍ അലാബാദിയ. അമ്മയുടെ ക്ലിനിക്കില്‍ രോഗികള്‍ എന്ന വ്യാജേന ചിലര്‍ നുഴഞ്ഞുകയറിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ റണ്‍വീര്‍ പറയുന്നു. തന്നെയും കുടുംബത്തെയും വേട്ടയാടുന്നെന്നാണ് റണ്‍വീര്‍ പറയുന്നത്. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തില്‍ റണ്‍വീര്‍ ഇന്നും ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.ഒളിവില്‍ ആണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ റണ്‍വീറിന്റെ വീട് പൂട്ടിയ നിലയിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയര്‍ബൈസെപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ഇയാളുടെ പരാമര്‍ശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമര്‍ശത്തിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രണ്‍വീര്‍ രംഗത്തെത്തിയിരുന്നു.പ്രധാനമന്ത്രി മോദിയുടെ നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളായ അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി, ജസ്പ്രീത് സിങ് എന്നിവരായിരുന്നു രണ്‍വീറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ വിവാദമായ ചോദ്യം ചോദിക്കുകയായിരുന്നു.