വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് ഫലം എന്നിവയോടനുബന്ധിച്ച് സ്ഥിരീകരിക്കാത്തതും വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാർത്തകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഐപിസി, സിആർപിസി വകുപ്പുകൾ ചേർത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസ്
നിരീക്ഷിക്കുന്നുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നത് ചെറിയ കുറ്റമല്ലെന്നും നാടിന്റെ ക്രമസമാധാനത്തെ ബാധിക്കുന്ന വിഷയമാണെന്നും വാർത്താസമ്മേളനത്തിൽ ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി.
ആറു മണിക്ക് സ്ട്രോങ്ങ് റൂം തുറക്കും
കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. നാളെ (ചൊവ്വ) രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടിയിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കുന്നതോടെ വോട്ട് എണ്ണൽ പ്രക്രിയ ആരംഭിക്കും. 6.30 ന് ഇവിഎം സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കും. എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. 8.30 നാണ് ഇവിഎം വോട്ടുകൾ എണ്ണുക.
30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്.
ഇവിഎം വോട്ടുകൾ എണ്ണാനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ലീഡ് നില അറിയിക്കും.
മാധ്യമപ്രവർത്തകർക്കായി മീഡിയ സെന്റർ ഒരുക്കിയിട്ടുണ്ട്.