ട്രാക്കിൽ ഫോട്ടോഷൂട്ടിനിടെ തൊട്ടടുത്ത് ട്രെയിൻ, 90 അടി താഴ്ചയിലേക്ക് ചാടി ദമ്പതികള്‍.
രാജസ്ഥാനിലാണ് സംഭവം.രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിലെ പാലിയിലെ ഹെറിറ്റേജ് ബ്രിഡ്ജിലെ ട്രാക്കിൽ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ.ട്രെയിൻ വരുന്നത് കണ്ട് 90 അടി താഴ്ച്ചയിലേക്ക് ചാടുകയായിരുന്നു ഇരുവരും.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.റിപ്പോർട്ടുകൾ പ്രകാരം ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ നിവാസികളാണ് രാഹുൽ മേവാഡയും ജാൻവിയും. ബൈക്കിലാണ് ഇവർ യാത്ര നടത്തിയത്. യാത്രയിൽ, ഈ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ പാലത്തിൽ വച്ച് കുറച്ച് ഫോട്ടോയെടുക്കാൻ ഇറങ്ങി. എന്നാൽ, പെട്ടെന്നാണ് ഇതുവഴി ഒരു ട്രെയിൻ വന്നത്.
ഇതോടെ പരിഭ്രാന്തരായി ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഇരുവർക്കും സാരമായിത്തന്നെ പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ രാഹുലിനെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റി.
ജാൻവി കാലിന്റെ ഒടിവിനെ തുടർന്ന് ബംഗാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ ഒരു വീഡിയോ അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ ഇരുവരും ട്രാക്കിൽ നിൽക്കുന്നതും ട്രെയിൻ വരുമ്പോൾ ഭയന്ന് കൈകൾ കോർത്തുപിടിച്ച് താഴേക്ക് ചാടുന്നതും വ്യക്തമാണ്.
ഇവർക്കൊപ്പം രാഹുലിൻ്റെ സഹോദരിയും, ഭാര്യാ സഹോദരനും ഉണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ഓടിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് ദമ്പതികളെ പാലത്തിൽ കണ്ടപ്പോൾ തന്നെ ട്രെയിൻ നിർത്തിയിട്ടു.
എങ്കിലും ഇരുവരും ഭയം മൂലം ചാടിയെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കിയത്.