വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍.വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. കൂടാതെ ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2008 ല്‍ ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ ഗൃഹപ്രവേശ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. 2008ലാണ് നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 5 സിപിഎം പ്രവർത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ല സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിൽ ജയിലിൽ കഴിയുകയാണിപ്പോൾ. പരോളിൽ ഇറങ്ങിയാണ് ശ്രീജിത്ത് ചടങ്ങ് നടത്തിയത്.