പാതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം നിലവിൽ വന്നു.34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ഒന്നാംപ്രതി അനന്തുകൃഷ്ണന്റെ നാഷണല്‍ എൻ.ജി.ഒ. കോണ്‍ഫെഡറേഷനു പുറമേ ഓരോ സ്ഥലത്തും വിവിധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കുണ്ട്. ഇവരും വിഹിതം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിനിടെ, തട്ടിപ്പിലെ മുഖ്യപ്രതിയും സായിഗ്രാമം സ്ഥാപക ചെയർമാനും എൻ.ജി.ഒ. കോണ്‍ഫെഡറേഷൻ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാർ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാർ ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീടുപൂട്ടി പോയിട്ട് ദിവസങ്ങളായതായാണ് അറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല.