കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഇന്നലെ നടന്ന നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ നർത്തകി. പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്നും നർത്തകി വ്യക്തമാക്കി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണെന്നും അവർ പറഞ്ഞു.
മൃദംഗനാദം’ എന്ന പേരില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു സംഘടിപ്പിച്ചത്. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങില്‍ നിന്നടക്കം നർത്തകർ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയില്‍ നർത്തകർ അണിനിരന്നത്. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു.