വീണ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി.എസ്എഫ്ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിലെ വാദം കേൾക്കലാണ് അടുത്ത വർഷം ജനുവരി 13-ലേക്ക് മാറ്റിയത്. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ. ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ വാദം കേൾക്കൽ മാറ്റിയത്.സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സി.എം.ആർ.എല്ലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പരിഹസിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐഒയും സി.എം.ആർ.എല്ലും നേരത്തെ ആരോപിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇത് എഎസ്‌ജി വഴി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

