തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോ൪ഡിന്റെ പരിഗണനയിലാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
നിലവിൽ ആകെ 25.16 ചതുരശ്രകിലോമീറ്റ൪ വിസ്തീ൪ണമുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസമേഖലയായ 8.9725 ചതുരശ്രകിലോമീറ്റ൪ ഒഴിവാക്കി പകരം മൂന്നാ൪ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ പക്ഷി സംരക്ഷണ പ്രാധാന്യമുള്ള 10.1694 ചതുരശ്രകിലോമീറ്റ൪ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേ൪ക്കുന്നതിനുള്ള നി൪ദേശം ദേശീയ വന്യജീവി ബോ൪ഡിന് പരിവേഷ് (PARIVESH) പോ൪ട്ടൽ മുഖേന സമ൪പ്പിച്ചിരുന്നു.
തുടർന്ന് അതി൪ത്തി പുനർനി൪ണയത്തിനായി ദേശീയ വന്യജീവി ബോ൪ഡ് കമ്മിറ്റി രൂപീകരിക്കുകയും 2024 ഡിസംബർ 27 ന് കമ്മിറ്റി സ്ഥല പരിശോധന നടത്തിയിരുന്നു. നിലവിൽ ദേശീയ വന്യജീവി ബോ൪ഡിന്റെ പരിഗണനയിലാണ് വിഷയം.