ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടികൾ നടന്നു കയറുന്നത് കാണാൻ അമേരിക്ക ഇനിയും കാത്തിരിക്കണം. അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഡൊണൾഡ് ട്രംപിനെ വിറപ്പിച്ചാണ് കമല ഹാരിസ് കീഴടങ്ങുന്നത്.ഭരണത്തുടർച്ചക്കായി വീണ്ടും കച്ച കെട്ടിയ ജോ ബൈഡൻ ആദ്യ സംവാദത്തിലെ കനത്ത പരാജയത്തെ തുടർന്ന് പിന്മാറിയപ്പോൾ നറുക്ക് വീണത് കമല ഹാരിസിനായിരുന്നു. ഏകപക്ഷീയമായ വിജയം സ്വപ്നം കണ്ടിരുന്ന ട്രംപിന് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായി. പിന്നീട് കളമൊരുങ്ങിയത് അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ്.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടാമത്തെ വനിതയാണ് കമല ഹാരിസ്. തന്റെ മുന്ഗാമിയായിരുന്ന ഹിലരി ക്ലിന്റണെക്കാൾ കടുത്ത മത്സരം ട്രംപിന് നല്കാൻ കമല ഹാരിസിനായി.കലുഷിതമായ നാല് വർഷങ്ങളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കമല നയിച്ചത്. മധ്യ അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ചുമതലയായിരുന്നു കമല ഹാരിസിന് മുഖ്യമായും ലഭിച്ചത്. എന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വാതന്ത്ര്യമില്ലായ്മ പലപ്പോഴും പിന്നോട്ടടിച്ചു. മധ്യേഷ്യൻ സംഘർഷങ്ങളുടെ പേരിൽ പലപ്പോഴും പ്രതിക്കൂട്ടിൽ നിന്നത് കമലയുടെ പ്രതിച്ഛായക്ക് മേൽ കരിനിഴൽ വീഴ്ത്തി. യുക്രൈൻ- റഷ്യ യുദ്ധവും നിയന്ത്രിക്കാനാവാത്തതും തിരിച്ചടിയായി.