തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോര്‍ഡ് തീരുമാനങ്ങളില്‍ കമ്മീഷണര്‍മാര്‍ക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നിയമഭേഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് 75 വര്‍ഷം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.
ദേവസ്വം പ്രസിഡന്റും രണ്ട് അംഗങ്ങളും സെക്രട്ടറിയുമാണ് ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്. എന്നാല്‍, യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതും സര്‍ക്കാരിനും ഹൈക്കോടതിക്കും റിപ്പോര്‍ട്ട് നല്‍കേണ്ടതും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ദേവസ്വം കമ്മീഷണറാണ്. എന്നാല്‍, ദേവസ്വം സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ കമ്മീഷണര്‍മാര്‍ക്ക് അധികാരമില്ല. ഈ തീരുമാനത്തിലാണ് സുപ്രധാന മാറ്റം വരുത്തിയത്. നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പങ്കാളിത്തം നല്ലതാകുമെന്ന വിലയിരുത്തിയാണ് ദേവസ്വം കമ്മീഷണറെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.ഇതിനായി സ്‌പെഷ്യല്‍ റൂളില്‍ മാറ്റംവരുത്തും. വിജ്ഞാപനം ഇറങ്ങിയാല്‍ ഇനി മുതല്‍ ബോര്‍ഡ് യോഗങ്ങളില്‍ കമ്മീഷണര്‍ക്ക് പങ്കെടുക്കാം. തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന് ബോര്‍ഡ് യോഗത്തില്‍ പങ്കാളിത്തമില്ലെന്ന പരാതി നേരത്തെ ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ ഉന്നയിച്ചു.സി.പി നായരും കെ. ജയകുമാറും അടക്കമുള്ള സ്‌പെഷ്യല്‍ കമ്മീഷണര്‍മാരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കമ്മീഷണര്‍ക്ക് പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുവെങ്കിലും ബോര്‍ഡിന്റെ എതിര്‍പ്പു കാരണം ആവശ്യം തള്ളുകയായിരുന്നു.