ഡി.ജി.പി കെ. പത്മകുമാര്‍ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുന്ന കെ. പത്മകുമാര്‍ 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക്സ് ബിരുദം നേടിയ ശേഷമാണ് കെ. പത്മകുമാര്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. 1987 ല്‍ ആദ്യ ശ്രമത്തില്‍ അദ്ദേഹം ഇന്ത്യന്‍ റെവന്യു സര്‍വ്വീസിലേക്ക് (ഐ.ആര്‍.എസ്) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.ആര്‍.എസ് പരിശീലനകാലയളവില്‍ അദ്ദേഹം വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതുകയും ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എ.എസ്.പി ആയി ആദ്യം നിയമിതനായത് ആലപ്പുഴയിലാണ്.