കാഞ്ഞിരപ്പള്ളി രൂപത കുരിശിൻ്റെ വഴി നിരോധിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ രൂപതാധ്യക്ഷനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്നു എന്ന് കാഞ്ഞിരപ്പള്ളി രൂപത പി ആർ ഒ ഫാ.സ്റ്റാൻലി പുള്ളോലിക്കൽ. വിശുദ്‌ധവാരത്തോടനുബന്ധിച്ച് രൂപതാധ്യക്ഷൻ്റെ നിർദ്ദേശമനുസരിച്ച് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വൈദികർക്കായി നല്കിയ ഓർമപ്പെടുത്തലുകളെയാണ് ദുർവ്യാഖ്യാനം ചെയ്‌ത് തെറ്റിദ്ധ രിപ്പിക്കുവാൻ ശ്രമിക്കുന്നത്.
വലിയ നോമ്പ് കാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ പൊതുവായി കുരിശിൻ്റെ വഴി നടത്തുന്ന പതിവ് രൂപതയിലെ എല്ലാ പള്ളികളിലും നിലനില്ക്കുന്നുണ്ട്. കുരിശിന്റെ വഴിയുൾപ്പെടെയുള്ള വിശുദ്ധവാര കർമ്മങ്ങൾ അർത്ഥവത്തും പ്രാർത്ഥനാപൂർവകവുമായി നടത്തുന്നതിനു വേണ്ടി അവയുടെ ചൈതന്യത്തിന് വിഘാതമാകുന്ന നാടകീയാവിഷ്കാരങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് നല്കപ്പെട്ടത് എന്ന് ഫാ.സ്റ്റാൻലി പുള്ളോലിക്കൽ അറിയിച്ചു.
അടിസ്ഥാനരഹിതമായ പ്രചരണങ്ങളിലൂട ജനത്തെ തെറ്റിദ്ധരിപ്പിക്കുവാനു ള്ള ഗൂഢശ്രമങ്ങളെ സഭാസമൂഹം തീർച്ചയായും തിരിച്ചറിയുമെന്നും,ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ചൈതന്യം നിറഞ്ഞ വിശുദ്ധവാരത്തിൽ പോലും സ്വാർത്ഥ ലക്ഷ്യത്തോടെ അസത്യ പ്രചരണങ്ങൾ നടത്തി രൂപതാധ്യക്ഷനെയും രൂപതയെ യും അധിക്ഷേപിക്കുന്നത് തികച്ചും ഖേദകരമാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.തെറ്റിദ്ധാരണ പരത്തി സഭയിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നക്കുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.