താൻ രാഷ്ട്രീയം വിടുകയാണെന്ന് മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ.
ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് തീരുമാനം എന്ന് വർധൻ പറഞ്ഞു.
മെഡിക്കൽ പ്രൊഫഷനിലേക്ക് മടങ്ങുന്നു.
സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട ഒരു സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം വന്നത്.
രാജ്യത്തെ സേവിക്കാനുള്ള അവസരത്തിന് നന്ദി രേഖപ്പെടുത്തി.
മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്ന് പ്രശസ്ത രാഷ്ട്രീയ നേതാവിലേക്കുള്ള തൻ്റെ യാത്രയെ എടുത്തു പറയുകയും ചെയ്തു.
അഞ്ച് തവണ എംഎൽഎയും രണ്ട് തവണ എംപിയുമായ വർധൻ കേന്ദ്ര ആരോഗ്യ മന്ത്രിയായും കേന്ദ്ര പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇഎൻടി സർജനായി തൻ്റെ കരിയറിൽ തിരിച്ചെത്തുമെന്നും കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിലുള്ള തൻ്റെ ക്ലിനിക്കിൽ ജോലി പുനരാരംഭിക്കുമെന്നും പ്രഖ്യാപനത്തിൽ അദ്ദേഹം സൂചന നൽകി.
തൻ്റെ തീരുമാനം പ്രഖ്യാപിക്കുന്ന വിശദമായ പോസ്റ്റിൽ, വർധൻ തൻ്റെ “മുപ്പത് വർഷത്തെ മഹത്തായ തിരഞ്ഞെടുപ്പ് ജീവിതത്തിൽ” നേടിയ നേട്ടങ്ങൾ അനുസ്മരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പിജെപി ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ, നാല് സിറ്റിംഗ് എംപിമാരായ പർവേഷ് വർമ്മ, രമേഷ് ബിധുരി, മീനാക്ഷി ലേഖി, ഹർഷ് വർദ്ധൻ എന്നിവരെ ഒഴിവാക്കിയിരുന്നു.
അന്നത്തെ ആർഎസ്എസ് നേതൃത്വത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ചാടിയതെന്ന് മുൻ കേന്ദ്രമന്ത്രി അനുസ്മരിച്ചു.
“എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് നമ്മുടെ മൂന്ന് പ്രധാന ശത്രുക്കളായ ദാരിദ്ര്യം, രോഗം, അജ്ഞത എന്നിവയോട് പോരാടാനുള്ള അവസരമാണ്,” അദ്ദേഹം പറഞ്ഞു.
വർധൻ പറഞ്ഞു, “ഞാൻ ഡൽഹി ആരോഗ്യമന്ത്രിയായും രണ്ട് തവണ കേന്ദ്ര ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.”
“പോളിയോ വിമുക്ത ഭാരതത്തിനു വേണ്ടിയും ഭയാനകമായ COVID-19 മായി പോരാടുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്കു വേണ്ടിയും സേവനമനുഷ്ഠിച്ചു. അതിനുള്ള അപൂർവ്വ ഭാഗ്യം എനിക്ക് ലഭിച്ചു.”