വടുതല, പച്ചാളം, എളമക്കര, ചിറ്റൂർ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകി ടി.ജെ വിനോദ് എം.എൽ.എ. ആലുവയിൽ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ ശൃംഖലയിൽ തുടർച്ചയായി ഉണ്ടാവുന്ന തകരാറുകളാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജലവിതരണം തടസ്സപ്പെടുത്തുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ മാസം 12നു ആലുവയിൽ ഉണ്ടായ മേജർ ബ്രെക്ക് ഡൗൺ, 17നു തമ്മനത്തു ഉണ്ടായ പൈപ്പ് പൊട്ടൽ, 21നു ആലുവയിൽ നിന്നും ചേരാനല്ലൂരിലേക്കുള്ള പമ്പിങ്ങ് ലൈൻ തകരാറിലായി എന്നിങ്ങനെ തുടർച്ചയായി മെയിൻ പമ്പിങ് ലൈൻ മൂന്ന് തവണയാണ് തകാറിലായത്. ഇതിനെ തുടർന്ന് താറുമാറായ ജലവിതരണം കാരണം രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് മേല്പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾ നിലവിൽ അനുഭവിക്കുന്നത് എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു. ഈ വിഷയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വിഷയം മന്ത്രിയെ ധരിപ്പിക്കുന്നത് എന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിരമായി ഇടപെട്ടുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് ഇത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും വിഷയം ഫോണിലൂടെ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.