കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിക്കുന്നുണ്ടെന്ന് സമരക്കാരെ ചെയർപേഴ്സൻ അറിയിച്ചു.
എന്നാൽ കാത്തിരിപ്പുകേന്ദ്രത്തിന്‍റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയതോടെ
പ്രതിഷേധം നീണ്ടു.
എന്നാൽ ചട്ടപ്രകാരം കൗൺസിൽ തീരുമാനത്തിലൂടെയേ നടപടി ഉണ്ടാകൂ എന്നും മറ്റ് തീരുമാനങ്ങൾക്ക് നിയമ സാധുത ഇല്ലെന്നും ചെയർപേഴ്സൺ ആവർത്തിച്ചു.
എന്നാൽ ഇത് കണക്കാക്കാതെ നഗരസഭാ അധ്യക്ഷയുടെ ഓഫീസ് മുറക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് കുത്തിയിരിപ്പ് സമരവും തുടർന്ന് ഇവർ നടത്തി.
പീന്നീട് പോലീസ് എത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സി.പി.എം കൗൺസിലർമാരും, ഡിവൈഎഫ്ഐ നേതാക്കളും സമരത്തിൽ പങ്കെടുത്തു.