വ്യവസായ നയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കിയിരിക്കെ വിടാതെ കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വ്യവസായ മന്ത്രി പി. രാജീവ്, കേന്ദ്ര മന്ത്രിയും ആര്‍എല്‍ഡി നേതാവുമായ ജയന്ത് ചൗധരി എന്നിവര്‍ ഒന്നിച്ച് വേദി പങ്കിട്ട ചിത്രവും വാര്‍ത്തയും ശശി തരൂര്‍ എക്‌സില്‍ പങ്കുവെച്ചു.’ഇത് കാണുമ്പോള്‍ സന്തോഷം, സാമ്പത്തിക വികസനം വിലകുറഞ്ഞ കക്ഷി രാഷ്ട്രീയ വിഭജനത്തിന് മുകളിലാണ് നില്‍ക്കേണ്ടത്’ എന്ന അഭിപ്രായത്തോടെയാണ് വാര്‍ത്ത പങ്കുവെച്ചത്. ഇടത്, ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ കേരള ഇന്‍വെസ്‌റ്റേര്‍സ് മീറ്റില്‍ വേദി പങ്കിട്ടപ്പോള്‍ എന്ന തലക്കെട്ടിലാണ് വാര്‍ത്ത. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന തമിഴ്‌നാട്, തെലങ്കാന, കര്‍ണ്ണാടക സര്‍ക്കാരുകള്‍ കേരളത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഒറ്റകെട്ടായെന്നും വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പരാമര്‍ശിക്കുന്നു.