വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം നാലിടങ്ങളിലാണ് റെയ്ഡ്.കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ 32 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് പരിശോധന. കുട്ടനെല്ലൂര്‍ ബാങ്ക് മുന്‍പ്രസിഡന്റ് റിക്സണ് വില്‍സന്റെ പടവരാടുള്ള വീടും, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീജയുടെ അഞ്ചേരിച്ചിറയിലുള്ള വീട്ടിലും ഇഡി റെയ്ഡ് ഒരേസമയമാണ് നടന്നത്. രാവിലെ ഏഴുമണിമുതല്‍ റെയ്ഡ് ആരംഭിച്ചു. കരുവന്നൂര്‍ ബാങ്കിനു സമാനമായി കുട്ടനെല്ലൂരിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് വിവരം. ബിനാമി പേരുകളില്‍ വായ്പകള്‍ നല്‍കുക, വ്യാജരേഖകള്‍ നിര്‍മ്മിച്ച് വായ്പ അനുവദിക്കുക തുടങ്ങിയവയാണ് ഇവിടെ നടന്ന പ്രധാന തട്ടിപ്പുകള്‍. മൂല്യം കുറഞ്ഞ ഭൂമി ഈടായി പണയപ്പെടുത്തി ബിനാമികളുടെ പേരില്‍ വായ്പകള്‍ നല്‍കിയതായും രേഖകളില്‍ കൃത്രിമം കാണിച്ചതായും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2017 മുതല്‍ ബാങ്കിലുണ്ടായ കിട്ടാക്കടങ്ങള്‍ സ്ഥാപനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ തുക വായ്പയായി നല്കിയതും ആ തുകകള്‍ തിരിച്ചടവായി ലഭിക്കാതെ പോയതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ബിനാമി വായ്പകളാണ് കുട്ടനെല്ലൂര്‍ ബാങ്കിന് ഏറ്റവും വലിയ പ്രശ്നമായി നിലനിന്നിരുന്നത്. റിസോര്‍ട്ട് ഉടമയായ സുധാകരന് നല്കിയ പരാതിയിലാണ് തട്ടിപ്പ് വിവരം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് നിരവധി ആളുകള്‍ സമാന പരാതികളുമായി രംഗത്തെത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസുകളിലാണ് ഇ.ഡി.യുടെ ഈ പരിശോധന നടക്കുന്നത്.ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ നേരത്തെ ഉള്‍പ്പെടുകയും അറസ്റ്റിലാവുകയും ചെയ്തവരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന പ്രധാനമായും നടക്കുന്നത്.

