കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ഗവർണറേയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന ആരോപണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കേരള ഒളിംപിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായ പ്രവർത്തി ഒരു ജനപ്രതിനിധിക്ക് ചേരുന്നതായിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ആദ്യം ദേശീയ ഗാനാലാപനം, അതിന് ശേഷം ഗവർണ്ണറുടെ പ്രസംഗവും ഒളിമ്ബിക് റണ്ണിന്റെ ഫ്ലാഗ് ഓഫും എന്ന രീതിയിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി നേരത്തെ ഇറക്കിയ നോട്ടീസില്‍ സുരേഷ് ഗോപിയുടെ പേര് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പുറത്തിറക്കിയ പരിപാടിയുടെ പ്രോഗ്രാം നോട്ടീസില്‍ സുരേഷ് ഗോപിയുടെ പേര് ഇടം പിടിക്കുകയും ചെയ്തു.
എന്നാല്‍ ചടങ്ങ് തുടങ്ങിയപ്പോള്‍ തന്നെ സുരേഷ് ഗോപി വേദിയില്‍ നില്‍ക്കാതെ വിദ്യാർത്ഥികളുടെ ഇടയില്‍ പോയി നിന്നു. ബഹിഷ്കരണമെന്നോണമായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പെരുമാറ്റം. ഗവർണർ , പൊതുവിദ്യാഭ്യാസ മന്ത്രി , ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയില്‍ നില്‍ക്കുമ്ബോഴായിരുന്നു സുരേഷ് ഗോപി കുട്ടികള്‍ക്ക് ഇടയിലേക്ക് നീങ്ങിയത്.
സുരേഷ് ഗോപി റങ്ങി വന്നതോടെ കുട്ടികള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടും ബഹളവുമായി. ഇതിനിടയില്‍ തന്നെ സുരേഷ് ഗോപി കുട്ടികള്‍ക്കിടയില്‍നിന്ന് ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. ഇതിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഗവർണറേയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ്ഗോപി കൈക്കൊണ്ടതെന്ന് വി ശിവന്‍കുട്ടി ആരോപിച്ചു.
കമ്മീഷണർ സിനിമയിലെ പോലീസ് ഓഫീസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാണെന്ന തോന്നല്‍ ഇപ്പോഴും സുരേഷ് ഗോപിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.