ഫറോക്കിൽ പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു.
ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കാട്ടുങ്ങൽ ഹൗസിൽ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തിൽ മുങ്ങി മരിച്ചത്.
മകന്റെ മക്കളെ കൂട്ടി ഇന്നലെ രാവിലെ 11 മണിയോടെയാണ് രാജൻ കുളത്തിലെത്തിയത്.
നീന്തൽ പഠിപ്പിക്കുന്നതിനിടെ രാജൻ പെട്ടെന്നു മുങ്ങിത്താഴ്ന്നു.
കുട്ടികൾ ബഹളം വച്ചതോടെ കുളത്തിന്റെ മറുഭാഗത്തുണ്ടായിരുന്ന അയൽവാസി എം.ഇഷാഖ് നീന്തിയെത്തി കുട്ടികളെ കരയ്ക്കു കയറ്റി.
അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രാജനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നേതൃത്വത്തിൽ രണ്ടാഴ്ച മുൻപ് ചെളിനീക്കി ആഴംകൂട്ടിയ കുളത്തിലാണ് അപകടം സംഭവിച്ചത്.
കോമൺവെൽത്ത് ഓട്ടുകമ്പനി മുൻ ജീവനക്കാരനായിരുന്നു രാജൻ.
സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
ഭാര്യ: പ്രേമ. മക്കൾ: ഷിജു, സിൽജ, സിജിന. മരുമക്കൾ: സജീഷ് (പുതുക്കഴിപ്പാടം), പ്രവീൺ (കരുവൻതിരുത്തി), ശരണ്യ. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, ശാന്ത, വത്സല, ശോഭന.