2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാന ശുചിത്വമിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ അറിയിച്ചു.
പരസ്യദാതാക്കള്‍ പരസ്യ പ്രചരണ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കണം.
പരസ്യ പ്രചരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പിവിസി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍/ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂആര്‍ കോഡ് എന്നിവ പതിപ്പിക്കണം.
കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീന്‍ വസ്തുക്കള്‍ സിഐപിഇടിയില്‍ നിന്നും പിവിസി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വില്‍പന നടത്താവൂ.
പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനര്‍ ബോര്‍ഡുകള്‍ പ്രോഗ്രാമിന്റെ തീയതിക്ക് അടുത്ത ദിവസവും തീയതി വയ്ക്കാത്ത പരസ്യ ബാനര്‍, ബോര്‍ഡുകള്‍ പരമാവധി 30 ദിവസമായി കണക്കാക്കി സ്ഥാപിച്ചവര്‍ തന്നെ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം.
ഉപയോഗശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്കോ അംഗീകൃത റീസൈക്ലിങ്ങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേനയ്ക്ക്/ക്ലീന്‍ കേരള കമ്പനിക്ക് യൂസര്‍ ഫീ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം.
ഹരിത കര്‍മ്മ സേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കികൊണ്ട് പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം.
നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകളില്‍ നിയമപാലകരെ തെറ്റിദ്ധരിപ്പിക്കും വിധം പിവിസി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും പ്രിന്റിംഗ് യൂണിറ്റിന്റെ പേരും പതിച്ച് കൊണ്ടുള്ള പരസ്യ പ്രചാരണ ബോര്‍ഡുകള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതായി കണ്ടെത്തുന്ന പക്ഷം പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഏജന്‍സിയുടെയും ലൈസന്‍സ് പെര്‍മിറ്റ് റദ്ദ് ചെയ്യും.