സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം മുടക്കുന്നതിന് മുമ്പ് ഏജൻസിയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. ഇതൊന്നും കാര്യമാക്കാതെ പലരും വിദേശത്ത് പെട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിയുന്നതും സർക്കാർ അംഗീകൃത സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടും. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ചെയർമാൻ പറഞ്ഞു.
സിറ്റിംഗിൽ പരിഗണിച്ച 38 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. 17 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി എട്ട് പരാതികൾ ലഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, എയ്ഡഡ് നിയമനം, അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. യുവജന കമ്മീഷൻ അംഗങ്ങളായ കെ.പി ഷജീറ, പി.പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.