എമ്പുരാൻ സിനിമയെ ചുറ്റിപറ്റിയുള്ള വിവാദത്തില്‍ പ്രതികരിച്ച് നടൻ പൃഥ്വിരാജിന്റെ മാതാവും നടിയുമായ മല്ലിക സുകുമാരൻ.എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉള്‍പ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന പരാമർശത്തിനെതിരെയാണ് മല്ലികയുടെ പ്രതികണം. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന തനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ടെന്നും അവർ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം’എമ്ബുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടില്‍ ആയിരുന്നു ഞാൻ. എന്നാല്‍ എമ്ബുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്ബാവൂർ ഉള്‍പ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്.ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാല്‍ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതല്‍ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളില്‍ മോഹൻലാല്‍ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാല്‍ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.എമ്ബുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഈ കൂട്ടായ്മയില്‍ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങള്‍ അപ്പപ്പോള്‍ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തില്‍ സീനുകള്‍ തിരുത്തണമെങ്കില്‍ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോള്‍ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?മാസങ്ങള്‍ക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്ബോള്‍ അവൻ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു..”ഞാൻ തിരക്കില്‍ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്. ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്ബുരാൻ എന്ന സിനിമയില്‍ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല. തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.പിന്നെ എന്തിനാണ് ഇവരുടെ കൂടെ നില്‍ക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാല്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാല്‍ അറിയാതെ സ്ക്രിപ്റ്റില്‍ പലതും എഴുതി ചേർത്തു എന്നും മോഹൻലാല്‍ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങള്‍ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാല്‍ കണ്ടില്ലെന്ന് നുണ പ്രചരിപ്പിക്കുന്നത്?പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങള്‍ക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല. “അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്.മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളില്‍ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?ആരൊക്കെയോ ഉണ്ടാക്കിയ കഥകള്‍ ആണ് ചിലരിലൂടെ ഇപ്പോള്‍ പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരില്‍ ചിലരും ഏതാനും വാർത്താ മാദ്ധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്. അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തില്‍ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നില്‍ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ട്.എനിക്കോ മക്കള്‍ക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളില്‍ നിന്നോ പ്രസ്ഥാനങ്ങളില്‍ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കില്‍ അവരോടാണ് ഇക്കാര്യം പറയുന്നത്.പൃഥ്വിരാജ് പത്താം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.ഞങ്ങള്‍ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങള്‍ക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതില്‍ ചില നേതാക്കള്‍ക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങള്‍ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരില്‍ സ്നേഹ ബഹുമാനങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നില്‍ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയില്‍ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങള്‍ മനസ്സിലാക്കണം…..ഇനി മാദ്ധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് :പൃഥ്വിരാജ് സെൻസർ ബോർഡില്‍ പോയി “എന്റെ പടത്തില്‍ മാറ്റം വരുത്തരുതേ” എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിംഗ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്ബോള്‍ സംശയങ്ങള്‍ ഉണ്ടായാല്‍ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന ‘മന്ദബുദ്ധി’ ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനല്‍ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ‘അടിക്കടി ചാനലില്‍ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ…..പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഒരിക്കലും എതിരല്ല…സത്യമേവ ജയതേ…