റിലീസിന് പത്ത് ദിവസം ബാക്കി നിൽക്കെ പ്രമോഷൻ പരിപാടികൾ തകൃതിയാക്കാൻ മോഹൻലാൽ ചിത്രം എമ്പുരാന്റെ അണിയറപ്രവർത്തകർ. ഏറ്റവും ഒടുവിലായി ഒരു വമ്പൻ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റിവോൾവർ പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമുള്ള ഒരു പോസ്റ്ററും എമ്പുരാൻ ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നാളെ വൈകുന്നേരം 6 മണിക്കാണ് ഈ പ്രഖ്യാപനം അണിയറപ്രവർത്തകർ പുറത്തു വിടുക.പൃഥ്വിരാജും സംഘവും ഒളിപ്പിച്ചു വെച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്ന ചോദ്യങ്ങളാണ്, പങ്കുവെച്ച പോസ്റ്ററിന്റെ കമന്റ് ബോക്സ് നിറയെ. ചിത്രത്തിന്റെ ട്രൈലറിന്റെ അപ്പ്ഡേറ്റ് ആണോ, അതോ ചിത്രത്തിലുള്ള അതിഥിവേഷമോ വില്ലൻ വേഷമോ ചെയ്യുന്ന നടന്റെ ക്യാരക്റ്റർ പോസ്റ്റർ ആണോ വരാൻ പോകുന്നത് എന്നൊക്കെയാണ് ചിലർ കമന്റിൽ ചോദിക്കുന്നത്.

ഉടൻ റിലീസ് ചെയ്യാൻ ഇരിക്കുന്ന എമ്പുരാന്റെ ട്രെയിലറിന് മൂന്നര മിനുട്ടിൽ അധികം ദൈർഘ്യം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 27 ആം തീയതി പുലർച്ചെ 6 മണി മുതലുള്ള ചിത്രത്തിന്റെ ഫാൻ ഷോക്കായി ആരാധകർ കാത്തിരിക്കുകയാണ്. കേരളത്തിൽ റിലീസ് ദിവസം ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമെന്ന വിജയ്‌യുടെ ലിയോയുടെ റെക്കോർഡ് എമ്പുരാൻ തകർക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. കേരളത്തിലെ 90 ശതമാനം സ്‌ക്രീനുകളിലും എമ്പുരാൻ എത്തുമെങ്കിലും അതെ ദിവസം റിലീസ് ചെയ്യുന്ന ചിയാൻ വിക്രമിന്റെ ‘വീര ധീര സൂരൻ’ എമ്പുരാന്റെ ആദ്യ ദിന കളക്ഷന് പരിമിതി സൃഷ്ടിക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.രാജമൗലി ചിത്രത്തിന്റെ സെറ്റിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ മടങ്ങി വരികയും അഭിമുഖങ്ങൾ നൽകി തുടങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന പ്രമോഷൻ പരിപാടികളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. എമ്പുരാന്റെ സഹനിർമ്മാതാക്കൾ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമ്മാണ ചുമതലയിൽ നിന്ന് പിന്മാറുകയും സാമ്പത്തിക ഇടപാടുകൾ തീർത്ത് ശ്രീ ഗോകുലം മൂവീസ് ചിത്രം ഏറ്റെടുക്കുകയും ചെയ്തതും അടുത്തിടെ വാർത്തയായിരുന്നു.
