ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍മെന്റ് ഇല്ലെന്നും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും ഐ.എം വിജയന്‍. പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്‌ബോളില്‍ നിന്നല്ലെന്നാണ് ഐ.എം വിജയന്‍ പറയുന്നത്. സ്ഥലം ലഭിക്കുകയാണെങ്കില്‍ നല്ല ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും മന്ത്രി രാജനോടുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും ഐ.എം വിജയന്‍ പറഞ്ഞു.
നല്ലൊരു അക്കാദമി തുടങ്ങി, അതില്‍ ഒരു കുട്ടിക്കെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചാല്‍ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കാരണം, ഞാനുമൊരു സ്‌പോട്‌സ് കൗണ്‍സിലിന്റെ പ്രൊഡക്റ്റാണ്. മൂന്ന് കൊല്ലം ക്യാമ്പില്‍ നിന്നാണ് ഞാനും വന്നത്. കേരള പൊലീസാണ് ഈ നിലയിലെത്തിച്ചത്. അതുപോലെ ഞങ്ങളുടെ അക്കാദമിയില്‍ നിന്ന് ഒരാള്‍ക്കെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു നേട്ടമാകും-ഐ എം വിജയന്‍ പറഞ്ഞു. കേരള ഫുട്‌ബോളിന്റെ മക്ക എന്ന് പറയാവുന്ന മലപ്പുറത്ത് നിന്ന് വിരമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമോഷന്‍ ലഭിച്ചതിലും അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗികമായി വിരമിക്കുന്നത്. കേരള പൊലീസ് ടീമില്‍ പന്തുതട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് കാക്കിയഴിക്കുന്നത്.