വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പ് ഇന്ന്. കസ്റ്റഡിയിലുള്ള പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. സല്‍മാബീവിയുടെ മാല പണയപ്പെടുത്തി പണമെടുത്ത് ധനകാര്യ സ്ഥാപനത്തിലും കൊലപാതകത്തിനുള്ള ആയുധം മേടിച്ച കടയിലും തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഉച്ചയ്ക്ക് മുൻപ് തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കും. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ ഒൻപതാം തീയതി വരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കും. പിന്നീട് മറ്റു കേസുകളിലെ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നല്‍കും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കം ആണ് പൊലീസ് നടത്തുന്നത്.