അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ.
ഡേവിഡ് മക്ബ്രൈഡ് എന്ന മുൻ സൈനിക അഭിഭാഷകനാണ് അഞ്ച് വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
എന്നാൽ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാർമിക ഉത്തരവാദിത്തമെന്നാണ് മക് ബ്രൈഡ് പ്രതികരിച്ചത്.
യുദ്ധത്തിനിടെ ഓസ്ട്രേലിയൻ സേന നിയമ വിരുദ്ധമായി 39 അഫ്ഗാൻ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഡേവിഡ് മക്ബ്രൈഡിന്റെ വെളിപ്പെടുത്തലുകൾ വലിയ രീതിയിലാണ് ഓസ്ട്രേലിയയിൽ ചർച്ച ചെയ്യപ്പെട്ടത്.
ഓസ്ട്രേലിയയുടെ പേര് സൈനികർ ദുരുപയോഗം ചെയ്തുവെന്നതടക്കം വലിയ ആരോപണങ്ങൾ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ചിരുന്നു.
60കാരനായ ഡേവിഡ് മക്ബ്രൈഡ് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ നൽകിയതായി കുറ്റസമ്മതം നടത്തിയിരുന്നു.
ഓസ്ട്രേലിയൻ കമാൻഡർമാരുടെ നിലപാടുകളേക്കുറിച്ച് ആശങ്ക തോന്നിയതാണ് തെളിവുകൾ മാധ്യമ സ്ഥാപനത്തിന് നൽകാൻ പ്രേരിപ്പിച്ചതിന് പിന്നിലെന്നും ഡേവിഡ് മക്ബ്രൈഡ് കോടതിയിൽ വിശദമാക്കിയിരുന്നു.