വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 200 ഗ്രാം കഞ്ചാവുമായി കോട്ടയം നീലിമംഗലത്ത് ഭാഗത്ത് കുടുബ സമേതം വാടകയ്ക്ക് താമസിച്ച് വന്നിരുന്ന അബ്ദുൾ ബഷീറിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ഇയാളുടെ നേതൃത്വത്തിൽ നീലിമംഗലം, കോട്ടയം ടൗൺ എന്നിവിടങ്ങളിലെ യുവാക്കൾക്ക് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു.
മാന്യമായ പെരുമാറ്റം കൊണ്ടും , ജീവിത രീതി കൊണ്ടും അയൽപക്കക്കാർക്കോ , വീട്ടുടമസ്ഥനോ ഇയാളെ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല.
എക്സൈസുകാർ കൊതുക് നശിപ്പിക്കാൻ എന്ന വ്യാജേനെ ഇയാളുടെ വീട്ടിലെത്തുകയും കിടപ്പുമുറിയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയുമാണ് ഉണ്ടായത്.
കഞ്ചാവ് വീടിന് പിന്നിലൂടെ ഒഴുകുന്ന ആറ്റിലൂടെ ഒഴുകി വന്നതാണെന്നും ഞാൻ ഒരു കൗതുകത്തിന് എടുത്ത് ഉണങ്ങിയതാണെന്നും പറഞ്ഞ പ്രതിയുടെ ഫോണിലേക്ക് മയക്ക്മരുന്ന് ആവശ്യപ്പെട്ട് ഫോൺ വിളികൾ വന്നതോടെ പിടിച്ച് നിൽക്കാനായില്ല.
തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം.
റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പി, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ആർ.ബിനോദ്, രാജേഷ്. എസ്, അനിൽകുമാർ ജി, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് എം., നിഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി, അനീഷ് രാജ് കെ.ആർ, ശ്യാം ശശിധരൻ , വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എന്നിവർ പങ്കെടുത്തു.