കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയിൽ. ഇത് സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളിൽ ഉണ്ടാകും.അദാലത്തിൽ വ്യക്തിപരമായ പരാതികൾക്ക് പുറമെ പൊതുവായ പ്രശ്നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്. സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴ് വർഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിൽ ഉണ്ടായതാണ്. കെട്ടിട നിർമാണ പെർമിറ്റ് എടുത്ത ശേഷം നിർമാണം നടന്നില്ലെങ്കിൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകാനും തീരുമാനമായി.14 ജില്ലകളിലും മൂന്ന് കോർപറേഷനുകളിലുമായി 17 തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. സുതാര്യവും കാര്യക്ഷമവുമായ പരാതി പരിഹാരമാണ് ലക്ഷ്യം. 15 ദിവസം കൂടുമ്പോൾ ജില്ലാ തലത്തിൽ അദാലത്ത് നടത്തുന്ന തരത്തിലാണ് തുടർ പ്രവർത്തനം.