ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേർക്ക് പരുക്ക്.അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരുക്കേറ്റത്. 25 ശുചിമുറികള്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ വെല്‍ഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെല്‍ഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.കാലങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ശുചിമുറിയുടെ ടാങ്കിനുള്ളില്‍ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളില്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തല്‍. കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.

