പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് എന്ന് ചെറിയാൻ ഫിലിപ്പ്.
2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സി.പി.എം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്.
2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25 ന് പി.ജെ. ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി.
പിന്നീട്, എം.വി ജയരാജന്റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എം.വി ജയരാജന്റെ താണ്.
ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട,ചെങ്കതിർ, ചുവപ്പു സഖാക്കൾ എന്നീ പേജ്കളുടെയും അഡ്മിൻമാർ സി.പി.എം കാരാണ്.
വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.
കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്മിൻമാരെ വിലക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും എം.വി.ജയരാജൻ ആരോപിച്ചത്.
കോൺഗ്രസിനിപ്പോൾ സി.പി.എം -നേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.